യുഎഇ യിൽ പ്രവേശിച്ചു മാർച്ച് ഒന്നിന് ശേഷം കാലാവധി തീരുന്ന വിസിറ്റ്, ടൂറിസ്റ്റ് വിസകളുടെ സാധുത ഈ വർഷം അവസാനം വരെ ഉണ്ടായിരിക്കുമെന്ന് ദുബൈ എമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കി.
ഇത് സംബന്ധിച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മാർച്ച് ഒന്നിന് ശേഷം കാലഹരണപ്പെട്ട, രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ റസിഡന്റ് വിസകളും, യുഎഇ യിൽ പ്രവേശിച്ചു മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞതുമായ വിസിറ്റ് , ടൂറിസ്റ്റ് വിസാ എന്നിവ 2020 ഡിസംബർ 31 വരെ സാധുതയുള്ളവായിരിക്കുമെന്ന് ദുബൈ എമിഗ്രേഷൻ വ്യക്തമാക്കുന്നു .
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് അവധിയ്ക്ക് പോയ യുഎഇ താമസ- വിസക്കാർക്ക് ഇതിനിടയിൽ വിസാ കാലാവധി കഴിഞ്ഞാലും ഡിസംബർ 31 മുൻപ് യുഎഇ യിലേക്ക് പ്രവേശനം അനുവദിക്കും. കൊറോണോ വൈറസിന്റെ വ്യാപന പശ്ചാത്തലത്തിലാണ് രാജ്യത്തിന് പുറത്ത് 6 മാസം കഴിഞ്ഞാലും, വിസാ കാലാവധി കഴിഞ്ഞാലും താമസ -വിസക്കാർക്ക് യുഎഇ യിൽ പ്രവേശിക്കാൻ സാധിക്കുക.
2020മാർച്ച് 1 ന് ശേഷം കാലഹരണപ്പെട്ട എല്ലാ യുഎഇ വിസകളും ഈ വർഷം അവസാനം വരെ സാധുതയുളളതാണെന്ന് കഴിഞ്ഞ ദിവസം യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ വക്താവ് വെളിപ്പെടുത്തിയിരുന്നു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ താമസ-കുടിയേറ്റ രേഖകളുമായി ബന്ധപ്പെട്ട പിഴ ഒഴിവാക്കിയുള്ള യുഎഇ മന്ത്രിസഭാ ഉത്തരവുകൾ ഈ രാജ്യത്തിന്റെ മഹത്തായ മാനുഷികമുഖമാണ് കാണിക്കുന്നത്. പ്രയാസകരമായ സമയങ്ങളിൽ മനുഷ്യരെ ചേർത്തുപിടിക്കുകയാണ് യുഎഇ എന്ന് ദുബൈ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി അറിയിച്ചു. ഈ വേളയിൽ പൊതുജനങ്ങളുടെ അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും വകുപ്പിന്റെ ടോൾഫ്രീയായ 8005111എന്ന നമ്പറിൽ വിളിക്കണമെന്ന് അദ്ദേഹം അറിയിച്ചു
Thansi Hashir | April 15 , 2020